കരുവാരകുണ്ട്: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിരുകളും വിസ്തൃതിയും വ്യക്തമാക്കുന്ന പുതിയ മാപ്പ് സംസ്ഥാന പരിസ്ഥിതി ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച നിര്‍ദേശത്തില്‍ ഓരോ വില്ലേജിലും ഉള്‍പ്പെടുന്ന പരിസ്ഥിതിലോല ഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് ഈ മാപ്പിലൂടെ വ്യക്തമായി പരിശോധിക്കാനാകും.
പുതിയ മാപ്പില്‍ അതിരുകള്‍ കൃത്യമായി രേഖപ്പെടുത്തിയത് ജനങ്ങള്‍ക്ക് ആശ്വാസമാകും. ജനവാസ മേഖലകള്‍, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ എന്നിവ ഒഴിവാക്കിയാണ് സംസ്ഥാനത്തിന്റെ നിര്‍ദേശം.
സ്ഥലത്തിന്റെ പേര് നല്കി തിരച്ചില്‍ നടത്തി തങ്ങളുടെ പ്രദേശത്തെ അതിരുകളും വിസ്തൃതിയും പൊതുജനങ്ങള്‍ക്ക് സ്വയം പരിശോധിക്കാം. വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും സമീപമുള്ള നിര്‍ദിഷ്ട അതിരുകള്‍ തിരിച്ചറിയാം. പുതിയ മാപ്പ് പ്രസിദ്ധീകരിച്ചതിനാല്‍ മാത്രം സംസ്ഥാനത്തിന്റെ നിര്‍ദേശം അന്തിമമായി അംഗീകരിക്കപ്പെട്ടതായി കണക്കാക്കാനാവില്ല. കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനത്തിന് ശേഷമേ നിര്‍ദിഷ്ട അതിരുകള്‍ പ്രാബല്യത്തില്‍ വരൂ.
വിസ്തൃതി 8,590 ചതുരശ്ര കി. മീറ്ററായി പരിമിതപ്പെടുത്താന്‍ ശുപാര്‍ശ
കരുവാരകുണ്ട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേരത്തേ കേരളത്തിലെ 13,108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതിലോല മേഖലയായി നിര്‍ദേശിച്ചിരുന്നത്. പിന്നീട് ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ഇത് 9,993.78 ചതുരശ്ര കിലോമീറ്ററായി കുറച്ചു. എന്നാല്‍ ജനവാസ പ്രദേശങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി ഈ വിസ്തൃതി 8,590.69 ചതുരശ്ര കിലോമീറ്ററായി നിജപ്പെടുത്തണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.